കേസുകളിലൂടെ ചോരുന്ന കോടികൾ!

Total Views : 830
Zoom In Zoom Out Read Later Print

ഇന്ന് നമ്മുടെ കോടതികളിൽ സർക്കാറിനെതിരായ കേസുകൾ കുമിഞ്ഞ് കൂടുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം ഹൈക്കോടതിയിൽ വന്ന പതിനായിരക്കണക്കിന് കേസുകൾക്ക് പുറമെ സർക്കാറിനെതിരെ 327 കേസുകളാണ് സുപ്രീം കോടതിയിൽ വന്നത്.


അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ നിലവിൽ 132 സർക്കാർ അഭിഭാഷകരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇവർക്ക് എല്ലാവർക്കുമായി ശമ്പളമായി മാത്രം പ്രതിമാസം 1.49 കോടി രൂപയും പുറമെ ഓഫീസ്, കാർ തുടങ്ങിയ സംവിധാനങ്ങളും സർക്കാർ നൽകുന്നണ്ട്. അഡ്വക്കറ്റ് ജനറൽ, രണ്ട് അഡീഷണൽ അഡ്വക്കറ്റ് ജനറൽമാർ, ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് ആറ്റോർണി, അഡീഷണൽ ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നീ ആറ് പേർ മാസം വാങ്ങിക്കുന്നത് 2,30,000 രൂപ വീതമാണ്.  അഡ്വക്കറ്റ് ജനറലിന് കാബിനറ്റ് റാങ്ക് നൽകിയതും സർക്കാർ അഭിഭാഷകരുടെ ഫീസ് കുത്തനെ ഉയർത്തിയതും എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. പ്രതിമാസം 1,20,000 രൂപ വാങ്ങിക്കുന്ന 20 അഭിഭാഷകരും 1,10,000 രൂപ വാങ്ങിക്കുന്ന 54 പേരും 1,00,000 രൂപ വാങ്ങിക്കുന്ന 52 പേരുമാണ് ഉള്ളത്. ഇതിന് പുറമെ സുപ്രീം കോടതിയിലും മൂന്ന് സീനിയർ സർക്കാർ അഭിഭാഷകർ ഉണ്ട്. ഇവർക്ക് 3 പേർക്കും കൂടി കഴിഞ്ഞ 4 വർഷം ശമ്പള ഇനത്തിൽ ചിലവഴിച്ചത് 2,63,82,064 രൂപയാണ്.

ഇത്രയും അഭിഭാഷകർ ഉണ്ടായിട്ടും ഇന്ന് ഹൈക്കോടതിയിൽ ഒരു കേസ് നടത്തണമെങ്കിൽ പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവരേണ്ട ഗതികേടിലാണ് സർക്കാർ. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ കേസുകളിൽ ഹൈക്കോടതിയിൽ ഹാജരായ സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയത് 4,74,70000 രൂപയാണ്. സുപ്രീം കോടതിയിൽ ഹാജരായ സ്വകാര്യ അഭിഭാഷകർക്ക് നൽകിയത് 9,65,87,000 രൂപയും. (തുക ഇനിയും കൂടും. പല അഭിഭാഷകരും ഇതുവരെ ബില്ല് നൽകിയിട്ടില്ല) സരിത കേസിൽ ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. രഞ്ജിത്ത് കുമാറിന് ഖജനാവിൽ നിന്ന് നൽകിയ ഫീസ് 1,20,00,000 രൂപയാണ്. ഇറക്കുമതി ചെയ്ത ആശുപത്രി ഉപകരണത്തിന് നിശ്ചയിച്ച കേവലം 90,000 രൂപയുടെ നികുതി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ എത്തിയ കേസിൽ സുപ്രീം കോടതി അഭിഭാഷകന് നൽകിയ ഫീസ് 47,25, 000 രൂപയാണ് ! ആരാൻ്റെ ഭാര്യയുടെ പ്രസവ ചിലവ് നൽകേണ്ടി വരുന്നതു പോലെ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയുടെയും ഉദ്യോഗസ്ഥരുടെ നിരുത്തരവാദ പരമായ നിലപാടുകളുടെയും ബാധ്യത ഏറ്റെടുക്കേണ്ട ഗതികേടിലാണ് പൊതുജനം.

അധികാരത്തിൽ വരുന്ന മുന്നണിയിലെ ഘടകപാർട്ടികളാണ് അഭിഭാഷകരെ തീരുമാനിക്കുന്നത്. അവരുടെ കഴിവോ  നിലവിലുള്ള കേസിലെ കക്ഷികളെയോ കുറിച്ച് അന്വേഷിക്കാറില്ല. എല്ലാവരും സ്വന്തമായോ അല്ലെങ്കിൽ താൻ പ്രതിനിധീകരിക്കുന്ന ഓഫീസിൽ നിന്നോ സർക്കാരിനെതിരെ കേസ് നടത്തിക്കൊണ്ടിരിക്കുമ്പോഴാകും ഒരു സുപ്രഭാതത്തിൽ സർക്കാർ അഭിഭാഷകനായി മാറുന്നത്. അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ സർക്കാർ കാലാവധി വരെ മാത്രമാണ് നിയമനം.  കാലാവധിക്ക് ശേഷം വീണ്ടും പഴയ ലാവണത്തിലേക്ക് തിരിച്ച് വരേണ്ടതിനാൽ തന്നെ നിയമിച്ച സർക്കാറിനോടല്ല പഴയ കക്ഷികളോടായിരിക്കും കൂറ്. അതുകൊണ്ടാണ് സർക്കാർ  കേസുകൾ എല്ലാം പരാജയപ്പെടുന്നത്. താൽക്കാലിക കക്ഷി മാത്രമായ സർക്കാറിനോട് പ്രത്യേകിച്ച് ഉത്തരവാദിത്വം ഇല്ലാത്തതുകൊണ്ടും മറ്റ് സ്വാധീനങ്ങൾ കാരണവും കേസുകൾ ബോധപൂർവ്വവും പരാജയപ്പെടുത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കീഴ്കോടതികളിലെ സ്ഥിര നിയമന രീതിയിൽ നിയമനം നടത്താത്തതിൻ്റെ കാരണവും മറ്റൊന്നല്ല. ഹൈക്കോടതിയിലെ കേസുകളിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ നടക്കണമെങ്കിൽ ഈ താൽക്കാലിക സംവിധാനം നിലനിൽക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യമാണ്.

ഇന്ന് നമ്മുടെ കോടതികളിൽ സർക്കാറിനെതിരായ കേസുകൾ കുമിഞ്ഞ് കൂടുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം ഹൈക്കോടതിയിൽ വന്ന പതിനായിരക്കണക്കിന് കേസുകൾക്ക് പുറമെ സർക്കാറിനെതിരെ 327 കേസുകളാണ് സുപ്രീം കോടതിയിൽ വന്നത്. ഈ സർക്കാറിൻ്റെ കാലത്തെ മാത്രം പ്രവണത അല്ല ഇത്. കാലാകാലങ്ങളായി നടക്കുന്ന ഒരു പ്രതിഭാസത്തിൻ്റെ തുടർച്ച മാത്രം. "ഇന്ത്യൻ നീതിന്യായ സംവിധാനം അചഞ്ചലമായ വ്യവഹാരങ്ങളുടെ മൊത്തത്തിലുള്ള പീഡനം സഹിക്കുകയാണ്. ഈ തെറ്റായ വ്യവഹാരങ്ങൾക്ക് സ്റ്റേറ്റും ഇതിൻ്റെ ഏജൻസികളും ഉത്തരവാദികളാണ്. എല്ലാ എക്സിക്യൂട്ടീവ് തീരുമാനങ്ങൾക്കും എതിരെ പൗരന്മാർക്ക് കോടതിയിൽ അഭയം തേടേണ്ടി വരുന്നു. പൗരന്മാർ കേസിൽ ജയിച്ചാൽ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർക്ക് ശിക്ഷയില്ല. ഈ ശിക്ഷ നൽകിയാലേ കോടതികളിൽ വ്യവഹാരങ്ങളുടെ കുന്നുകൂടൽ ഒഴിവാക്കാൻ കഴിയൂ" - സുപ്രീം കോടതി ഈ അടുത്ത കാലത്ത് പുറപ്പെടുവിച്ച ഒരു വിധിയിലെ പരാമർശം ആണ് ഇത്. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം എക്സിക്യുട്ടീവിന് നൽകിയാൽ ജഡ്ജിമാർ വിധിന്യായങ്ങളിൽ തങ്ങളെ നിയമിച്ച സർക്കാറിനോട് കൂറ് കാണിക്കില്ല എന്ന ഭരണഘടന നിർമ്മാണ സഭയിൽ നടന്ന ചർച്ചയുടെ മറുപടിയിൽ ഡോ: ബി.ആർ.അംബേദ്ക്കർ പറഞ്ഞത് ‘ഭരണഘടനയുടെ ആർട്ടിക്കിൾ 77 ഉം 166 ഉം അനുസരിച്ച് കേന്ദ്രവും സംസ്ഥാനവും നിയമങ്ങൾ നിർമ്മിച്ചാൽ സർക്കാറിനെതിരെ ഒരു പൗരനും കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാവില്ല’ എന്നാണ്.  

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പാർലമെൻ്റിലും നിയമസഭകളിലും നിയമം പാസ്സാക്കുന്നത് ഇന്ത്യൻ ഭരണഘടന അനുസരിച്ചല്ല, 1935 ലെ ബ്രിട്ടീഷുകാരൻ്റെ ഗവണ്മൻറ് ഓഫ് ഇന്ത്യാ ആക്ട് അനുസരിച്ചാണ്. ഇതനുസരിച്ച് രാജാവിൻ്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് ഗവൺമെൻറ്. എന്നാൽ ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഗവണ്മൻറിൻ്റെ ഉടമസ്ഥത ജനങ്ങൾക്കാണ്. അതുകൊണ്ടാണ് ജനങ്ങൾക്ക് ഉണ്ടാവുന്ന ഏത് പ്രശ്നത്തിനും ഉത്തരവാദി പ്രസിഡണ്ടും ഗവർണറുമായിരിക്കുമെന്ന് ഭരണഘടന വിവക്ഷിക്കുന്നത്. ഞാൻ ഭരണഘടനയേയും നിയമത്തേയും സംരക്ഷിക്കുകയും പരിപാലിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയോടെ അധികാരം ഏൽക്കുന്ന രാഷ്ട്രപതിക്കും ഗവർണർക്കും അവരിൽ അർപ്പിതമായ ജോലികൾ ചെയ്യാൻ ചുമതലപ്പെടുത്തിയ ഏജൻ്റ്മാരായ ഉദ്യോഗസ്ഥർ ചെയ്യുന്ന നിയമലംഘനങ്ങൾക്ക് മറുപടി പറയാൻ ബാധ്യതയുണ്ട്. അതായത്, ഒരു ഉദ്യോഗസ്ഥൻ നിയമംഘംഘിച്ചാൽ അത് രാഷ്ട്രപതിയും ഗവർണറും നിയമം ലംഘിച്ചതിന് തുല്യമാണ്. രാഷ്ട്രപതിയെയും ഗവർണറെയും ഇംപീച്ച് ചെയ്യാനുള്ള അധികാരം ഭരണഘടന ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. തങ്ങൾ ഏൽപ്പിച്ച ജോലി ചെയ്യാത്ത അല്ലെങ്കിൽ തെറ്റായി ചെയ്യുന്ന ഉദ്യോഗസ്ഥനെ പിരിച്ച് വിടാനുള്ള അധികാരം രാഷ്ട്രപതിക്കും ഗവർണർക്കും ഉണ്ട്. രാജ്യത്ത് ഇന്നുവരെ ഇവർ ഈ അധികാരം വിനിയോഗിച്ചിട്ടില്ല. കാരണം ജനങ്ങൾക്ക് ഇന്നും ജനാധിപത്യം ലഭിച്ചിട്ടില്ല. ആധിപത്യം ചില വ്യക്തികളുടെ കൈകളിലും ജനങ്ങൾ പടിക്ക് പുറത്തുമാണ് ഉള്ളത്.

ജനങ്ങൾക്ക് ജനാധിപത്യം ലഭിച്ചാൽ മാത്രമേ സർക്കാറിനെതിരായ അനന്തമായ വ്യവഹാരവും ഒരാൾ നൽകുന്ന വ്യവഹാരത്തിൻ്റെ ബാധ്യത മുഴുവൻ ജനവും വഹിക്കേണ്ടി വരുന്നതും ഇല്ലാതാക്കാൻ കഴിയൂ. ജനം ജനാധിപത്യത്തെ കുറിച്ച് പഠിക്കണം. ജനാധിപത്യത്തിൻ്റെ സുഖം അനുഭവിക്കേണം. സ്വാതന്ത്ര്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് ജനാധിപത്യം. ജനങ്ങൾക്ക് ജനാധിപത്യ അധികാരം ലഭിക്കാത്തത് കൊണ്ടാണ് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും നമുക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയാത്തത്. ഇന്നും ജനാധിപത്യം ഒരു സാധ്യത മാത്രമാണ്. ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം അനുഭവിക്കണമെങ്കിൽ ഒരു ജനകീയ ജനാധിപത്യ വിപ്ലവം അനിവാര്യമായിരിക്കുന്നു. ജനാധിപത്യത്തിൽ നിങ്ങൾ ആരാണെന്ന് സ്വയം തിരിച്ചറിഞ്ഞാലേ അത് സാധ്യമാവൂ.

കടപ്പാട്: ദ് പീപ്പിൾ

See More

Latest Photos