മാനഭംഗത്തിനിരയായവൾ ആത്മഹത്യ ചെയ്യുമെന്ന് പറയുമ്പോള്‍

Total Views : 639
Zoom In Zoom Out Read Later Print

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതിയോട് ബലാത്സംഗമെന്ന നിർവ്വചനത്തിൽ നിന്ന് ഭർത്താക്കൻമാരെ ഒഴിവാക്കുന്ന വ്യവസ്ഥയ്ക്കൊപ്പം നിൽക്കുന്നു എന്നാണ് 2017 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പറഞ്ഞത്. ഇത് ഭരണഘടനയുടെ 14-ാം അനുഛേദം പൗരൻമാർക്ക് ഉറപ്പ് നൽകുന്ന തുല്യനീതിയുടെ നിഷേധമാണ്.


മാനഭംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ പിന്നെ ജീവിച്ചിരിക്കില്ല എന്ന് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലതൊട്ടപ്പൻ പരസ്യമായി പറയാൻ ധൈര്യപ്പെട്ടത് സമൂഹത്തിൽ ആധിപത്യം പുലർത്തുന്ന പുരുഷാധിപത്യ മനോഭാവത്തിെൻറ പ്രകടനമാണ്. സാമൂഹിക മനസ്സിൽഅടിയുറച്ചുപോയ ശീലങ്ങളിൽ നിന്നാണ് ഈ പ്രകടനം പുറത്തുവരരുന്നത്. ബലാത്സംഗത്തിെൻറ ഉത്തരവാദി അതിന് ഇരയാവുന്നവളാണ് എന്ന പ്രബലധാരണയാണ് ഈ നിലപാട് വെച്ച് വാഴിക്കപ്പെടാൻ കാരണം. 'കളങ്കമറ്റ' ഇരകളെ അവരുടെ സ്വഭാവ സവിശേഷതകളിൽ നിന്ന് മനസ്സിലാക്കാമെന്നും  'പരിശുദ്ധി' യുള്ളവർ പീഡനത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നുമൊക്കെയുള്ള യുക്തിഭംഗ ധാരണകളാണ് സമൂഹത്തിൽ പൊതുവായി നിലനിൽക്കുന്നത്. സ്ത്രീകളെ സാമൂഹ്യമായി ഭ്രഷ്ട് കൽപ്പിക്കുന്ന ഏത് സാഹചര്യവും അതിലുൾപ്പെടാം. സൗഹൃദസദസുകളിൽ പങ്കെടുക്കുന്നതാകാം; വസ്ത്രധാരണരീതിയാകാം; സിനിമാതിയേറ്ററിൽ പോയതാകാം; രാത്രി പുറത്തിറങ്ങിയതാകാം. ഇത്തരം സാഹചര്യങ്ങളിൽ പോകാൻ സന്നദ്ധമാകുന്നത് ലൈംഗിക ബന്ധങ്ങൾ അനുവദിക്കുന്നതിനും അനുകൂലിക്കുന്നതിനും പീഡനം ക്ഷണിച്ച് വരുത്തുന്നതിനും തുല്യമാണെന്നാണ് ഇതിന്റെ വ്യവക്ഷ.

കോടതികളും ഈ ധാരണ ബലപ്പെടുത്താൻ വേണ്ടത് ചെയ്യുന്നുണ്ട്. ബലാത്സംഗത്തിന്റേയും പീഡനത്തിന്റേയും ഗൗരവതരമായ നിയമാംശം റദ്ദാക്കുകയും പീഡനം കാല്പനികവും സർവ്വസാധാരണവുമായ വിഷയമായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന പ്രവണത  കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഒരു ബലാത്സംഗ കേസ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച വിധിയിൽ ‘ക്രിമിനൽ അപരാധത്തിന്റെ ഗൗരവത്തെ അടിസ്ഥാനപ്പെടുത്തി മാത്രം പൗരന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ പാടില്ല’  എന്ന് കഴിഞ്ഞ ജൂണിൽ കർണാടക ഹൈക്കോടതി നിരീക്ഷിച്ചത് ഈ പ്രവണതയുടെ ഭാഗമാണ്.  ഈ നിരീക്ഷണം വിശാല അർത്ഥത്തിൽ  ശരിയായിരിക്കാമെങ്കിലും സ്ത്രീപീഡകരായ പ്രതികൾ പുറത്തിറങ്ങിയാൽ പരാതിക്കാരി/പീഡിത നേരിട്ടേക്കാവുന്ന ഭീഷണിയും വിചാരണവേളയിൽ ഫലപ്രദമായി സാക്ഷിപറയാൻ കഴിയാതാവുന്ന സാഹചര്യവും മറന്നാണ് കോടതിയുടെ ഈ നിരീക്ഷണം. ഒപ്പം, അനുമാനങ്ങളെ അടിസ്ഥാനമാക്കി പരാതിക്കാരിയുടെ സ്വഭാവത്തെക്കുറിച്ച് കോടതി  കാതലില്ലാത്തതും അപലപനീയവുമായ ചില ന്യായവാദങ്ങളും ഉന്നയിച്ചു. ബലാൽസംഗത്തേയും പീഡകരേയും പീഡിതരേയും അതിജീവിച്ചവരേയും പറ്റി  തെറ്റും പക്ഷപാതപരവുമായ പുരുഷാധിപത്യ ധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്.

കളങ്കമില്ലാത്ത ഇര അക്രമിയെ ശാരീരികമായി നേരിടുമെന്നതും ആത്മരക്ഷക്ക് വേണ്ടി നിലവിളിക്കുമെന്നൊക്കെ മറ്റൊരു പ്രചരണമുണ്ട്.  "അരുത് "  എന്ന് ദുർബലമായ ശബ്ദത്തിൽ  ഇര പറയുന്നതുപോലും അവളുടെ വിസമ്മതത്തിന് മതിയായ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നാണ് ഡൽഹി ഹൈക്കോടതി (മെഹമ്മൂദ് ഫറൂഖി v/s എൻ.സി.ടി ഡൽഹി-2017)  വിധിച്ചത്. പ്രതിയുമായി പരാതിക്കാരി മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നാണ് ഈ കേസിൽ കോടതിയുടെ മറ്റൊരു യുക്തിശൂന്യ നിരീക്ഷണം. അതിനാൽ അവളുടെ സമ്മതം അനുമാനിക്കാവുന്നതും  'വിസമ്മതവും' 'അതൃപ്തിയും' പരിഗണിക്കാൻ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇവിടെ വിചാരണ നേരിടുന്നത് പ്രതിയല്ല, ഇരയാണ്. പ്രതി കുറ്റം ചെയ്തിട്ടുണ്ടോ എന്നതിൽനിന്ന് കേസിന്റെ പോയൻറ് ഇര കർശനവും കൃത്യവുമായ പുരുഷാധിപത്യ പ്രമാണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നതിലേക്ക്   മാറുന്നു.

പ്രതിരോധത്തിൽ പരാജയപ്പെടുന്നത് വഴങ്ങലിന്റേയോ സമ്മതത്തിന്റേയോ തെളിവായി പരിഗണിക്കാൻ പാടില്ല എന്ന് 2013ലെ പ്രായപൂർത്തിയായവർക്ക് നേരെയുള്ള ബലാൽസംഗ നിയമഭേദഗതി വ്യക്തമാക്കുന്നു. 'അസന്നിഗ്ദ്ധവും ഇച്ഛാധീനവുമായ സമ്മതം'  എന്നാണ് ബന്ധപ്പെട്ട നിയമഭേദഗതി പറയുന്നത്. സഹിച്ചുകൊണ്ടുള്ള ജഡമായ കീഴടങ്ങൽ (ഭയംമൂലമോ വ്യവസ്ഥാപിത സാമൂഹ്യ സാഹചര്യങ്ങൾ കാരണത്താലോ അങ്ങനെ സംഭവിക്കാം) അല്ലെങ്കിൽ മദ്യപാനം മുതലായ ലൈംഗികേതര ഇടപെടലുകൾക്കിടയിൽ ഉണ്ടായേക്കാവുന്ന അനിച്ഛാപൂർവ്വമായ വഴങ്ങിക്കൊടുക്കൽ എന്നിവയൊന്നും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായി പരിഗണിക്കില്ല. മറിച്ച് ബലാത്സംഗമായി കണക്കാക്കണമെന്നാണ് 2013ലെ ഭേദഗതിയിൽ പറയുന്നത്.  സമ്മതമെന്നത് നിശ്ചിതസമയത്ത് ശാരീരികബന്ധത്തിന് പങ്കാളിയാകുന്നതിനുള്ള സന്നദ്ധത മാത്രമാണെന്നും ഭേദഗതിയുടെ അനുബന്ധം വ്യക്തമാക്കുന്നു.

ഒരു രഹസ്യ പ്രണയബന്ധത്തിലുണ്ടായ സന്നദ്ധത ഒരിക്കലും ഭാവിയിലെ സമ്മതത്തിന്റേയോ അനുമതിയുടേയോ സൂചനയായി കാണാൻ പാടില്ലെന്നും ഭേദഗതി വ്യക്തമാക്കുന്നു. വ്യക്തിയും അയാൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളും വിഭിന്നമാണെന്നിരിക്കെ, പീഡിതയുടെ/അതിജീവിച്ചവളുടെ സ്വഭാവനിർണയം സാമാന്യവും സർവത്രികവുമായ പ്രമാണമായിത്തീരുന്നത് ക്രൂരവും അനീതിയുമാണ്. എന്നാൽ, ബലാൽസംഗവുമായി ബന്ധപ്പെട്ട മിത്തുകളേയും വാർപ്പുമാതൃകകളേയും അവലംബിക്കുന്ന കോടതികളും നിയമവ്യവസ്ഥയുടെ പ്രയോഗങ്ങളുമാണ് ഇന്ത്യയിൽ നിലവിലുള്ളത്. പീഡനവാർത്തകൾ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യുന്ന രാജ്യം, വളരെ വിരളമായി മാത്രം പ്രതികൾ ശിക്ഷിക്കപ്പെടുന്ന നാട് എന്നീ നിലകളിൽ അവസാന ആശ്രയമായ ഇന്ത്യൻ നീതിന്യായ സംവിധാനം ഇത്രയധികം വാർപ്പുമാതൃകകളിലും മിത്തുകളിലും വിശ്വാസമർപ്പിക്കുന്നത് ഉത്കണ്ഠയുടേയും ജാഗ്രതയുടേയും ചോദ്യങ്ങളുയർത്തുന്നുണ്ട്. തനിക്ക് ചുറ്റും രൂപപ്പെടുന്ന കെട്ടുകഥകളെ ന്യായീകരിച്ച് എല്ലായ്പ്പോഴും ഇരയ്ക്  മുന്നോട്ട് വരാൻ കഴിയില്ല. വർദ്ധിച്ച് വരുന്ന ഈ വിശ്വാസകേന്ദ്രീകൃതവും ഇരകേന്ദ്രീകൃതവു മായ ചട്ടങ്ങളും കല്പനകളും പ്രയോഗങ്ങളും വീണ്ടും വീണ്ടും പീഡിതയെ/അതിജീവിച്ചവളെ വിചാരണ ചെയ്യാനേ ഉപകരിക്കൂ.

ബലാൽസംഗത്തെക്കുറിച്ചുള്ള ഈ പൗരാണിക വാർപ്പ്സമീപനം ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ ആഴത്തിലാണ്ടുകിടക്കുന്ന പുരുഷാധിപത്യ പക്ഷപാതിത്വമാണ് വ്യക്തമാക്കുന്നത്. ഈ സമീപനം കോടതിയുടെ വിധിന്യായമായി മാറുമ്പോൾ സ്ഥായിയും നിയമപരവുമായ രേഖയായി നിലനിൽക്കുന്നു.  1974 ലെ
തുക്കാറാം v/s സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി വിധി ഉദാഹരണം.   തട്ടിക്കൊണ്ടുപോയെന്ന  സഹോദരെൻറ  പരാതിയെത്തുടർന്ന്  പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയെ കൂടെയുള്ളവരെ പുറത്തിരുത്തി രണ്ട് പോലീസുകാർ  ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞപ്പോൾ  കേസ് രജിസ്റ്റർ ചെയ്‌തു. പക്ഷെ,  പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട്  അവളുടെ ശരീരത്തിലോ ലൈംഗികാവയവങ്ങളിലോ പരിക്കുകളില്ലെന്നായിരുന്നു.  അതോടെ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് പ്രതികൾ വാദിച്ചു. ഈ വാദം ശരിവെച്ച കോടതി അപ്പീൽ തള്ളി. പ്രമാദമായ ഈ കേസിന് ശേഷമാണ് ബലാത്സംഗം തെളിയിക്കുന്നതിന് ഇരയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചത്.

ഭർതൃപീഢനത്തിന്റ കാര്യത്തിലും ഭരണകൂടനിലപാടുകൾ വ്യത്യസ്തമല്ല. 1860-ൽ ഇന്ത്യൻ ശിക്ഷാ നിയമം എഴുതിയുണ്ടാക്കുേമ്പാൾ സ്ത്രീ നിയമപരമായി അസ്തിത്വമുള്ള വിഭാഗമായി  പരിഗണിക്കപ്പെട്ടിരുന്നില്ല. ഭർത്താവിന്റെ 'സ്വത്ത് ' ആയാണ് കണക്കാക്കിയിരുന്നത്.  ഈ വിക്ടോറിയൻ പുരുഷാധിപത്യ സമീപനവും  ബ്രിട്ടീഷ് കൊളോണിയൽ നിയമങ്ങളുടെ സ്വാധീനവും ഇന്ത്യൻ നിയമങ്ങളിലെ നീതിനിഷേധങ്ങളിൽ കാണാൻ കഴിയും. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ അഭിപ്രായം ആരാഞ്ഞ സുപ്രീം കോടതിയോട് ബലാത്സംഗമെന്ന നിർവ്വചനത്തിൽ നിന്ന് ഭർത്താക്കൻമാരെ ഒഴിവാക്കുന്ന വ്യവസ്ഥയ്ക്കൊപ്പം നിൽക്കുന്നു എന്നാണ് 2017 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പറഞ്ഞത്. ഇത് ഭരണഘടനയുടെ 14-ാം അനുഛേദം പൗരൻമാർക്ക് ഉറപ്പ് നൽകുന്ന തുല്യനീതിയുടെ നിഷേധമാണ്. ഇത്തരം വിധികൾ ഇരകൾക്ക്/അതിജീവിച്ചവർക്ക് നീതി അപ്രാപ്യമാക്കി അവരെ ജീവിതകാലം മുഴുവൻ വിറങ്ങലിപ്പിച്ചു നിർത്തുകയാണ് ചെയ്യുന്നത്..

കാഴ്ച്ചപ്പാടുകൾക്ക് കടപ്പാട്: പി.എ.പ്രേംബാബു

See More

Latest Photos