അട്ടപ്പാടിയിലെ വട്ടുലക്കി ആദിവാസി ഊരിൽആഗസ്ററ് 8ന് നടന്ന പൊലിസ് അതിക്രമത്തെ കുറിച്ച് നടത്തിയ ജനകീയ അന്വേഷണത്തിൻറെ ഇടക്കാല റിപ്പോർട്ട്

Total Views : 433
Zoom In Zoom Out Read Later Print

വട്ടുലക്കി പൊലിസ് അതിക്രമം ഭൂമിക്കേസുമായി ബന്ധപ്പെട്ട്; പൊലിസ് ഭൂമി കൈയ്യേറ്റക്കാരുടെ ആയുധമായി; ആദിവാസി യുവാക്കളെ മാവോയിസ്റ്റ് ആക്കാൻ ഗൂഡാലോചന; ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമം നിലവിലിരിക്കേ ആദിവാസി ഭൂമി കൈമാറ്റം വ്യാപകം; അട്ടപ്പാടി ആദിവാസികൾ വംശഹത്യയിലേക്ക്

പശ്ചാത്തലം

2021 ആഗസ്റ്റ് എട്ടിന് അട്ടപ്പാടിയിലെ വട്ടുലക്കി ഊരിൽ കടന്നുകയറി പൊലിസ് നടത്തിയ അതിക്രമം വിസ്മൃതിയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. പൊലിസ് അതിക്രമങ്ങൾ നാട്ടിൽ പുതുതല്ലെങ്കിലും അതിനെ പൂർണ്ണമായി ന്യായീകരിക്കുന്നതായിരുന്നു ഭരണകൂട ഭാഷ്യം. അക്രമം കാണിക്കുന്നത് ആദിവാസികളാണെങ്കിലും പൊലിസിന് നോക്കിയിരിക്കാനാവില്ല എന്നായിരുന്നു അധികാരികൾ സ്വീകരിച്ച സമീപനം. അക്കാര്യം സമ്മതിച്ചാൽ പോലും, രണ്ട് ആദിവാസികളെ പിടിക്കാൻ പൊലിസ് വൻസന്നാഹവുമായി അവരുടെ താമസസ്ഥലം വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടോ? കുറ്റം എന്താണെന്ന് അറിയിക്കാതെയും സ്വന്തം ഭാഗം പറയാൻ അവസരം നൽകാതെയും ആളുകളെ തൂക്കിയെടുത്ത് കൊണ്ടുപോകാൻ ഇക്കാലത്തും പൊലിസ് മുതിരുന്നത് എന്ത്കൊണ്ടാണ്? ഒരു പൊലീസുകാരനെ പറഞ്ഞയച്ച് വിളിപ്പിച്ചാൽ സ്റ്റേഷനിൽ ഹാജരാകുന്ന സ്വഭാവമാണ് ആദിവാസിയതുടേത് എന്ന സാഹചര്യത്തിൽ ഈ ചോദ്യങ്ങൾ പ്രസക്തമാണ്. വാർത്തകളുടെ പെരുംപ്രളയത്തിൽ സാമാന്യവൽകരിച്ച് കളയേണ്ടതല്ല ഈ സംഭവം. ഇതേക്കുറിച്ച് നടത്തിയ കേവലാന്വേഷണം നൽകിയ സൂചനകൾ ഞെട്ടിപ്പിക്കുന്നതാണ്. പൊതുസമൂഹത്തെ ഇക്കാര്യങ്ങൾ അറിയിക്കേണ്ട മാധ്യമങ്ങൾ നൽകിയത് ഉപരിപ്ലവമായ വിവരങ്ങൾ മാത്രമാണ്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ-പൗരാവകാശ നിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്ന ജനനീതി ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാനും അതിൻറെ യഥാർചിത്രവും വിശദാംശങ്ങളും പൊതുസമൂഹത്തിന് ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തത്. ഒരു ദശകം മുമ്പ് വിവാദമായ സുസ്ലോൺ കാറ്റാടി ഭൂമി ഇടപാട് അടക്കം അട്ടപ്പാടിയിൽ വ്യാപകമായി ആദിവാസി നിയമവിരുണ്ടമായി തട്ടിയെടുക്കപ്പെടുന്നു എന്ന ആരോപണത്തിൻറെ പശ്ചാത്തലവും ഈ ജനകീയാന്വേഷണത്തുനുണ്ട്. ആഗസ്റ്റ് 15,16,23,24 തീയ്യതികളിൽ ജനനീതി പ്രവർത്തകർ അട്ടപ്പാടിയിലെത്തി നടത്തിയ അന്വേഷണത്തിൻറെ വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ. പ്ലാച്ചിമട ജലചൂഷണം, ചാലക്കുടി നിറ്റാ ജലാറ്റിൻ മലിനീകരണം, മഞ്ചിക്കണ്ടി വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളെക്കുറിച്ച് ജനനീതി ഇത്തരത്തിൽ ഇടപെട്ടിരുന്നു.

സുപരിചിതർ
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൃത്രിമ രേഖകൾ സൃഷ്ടിച്ച് തട്ടിയെടുക്കുന്നത് വ്യാപകമായതിൻറെ ദൃഷ്ടാന്തമാണ് ആഗസ്റ്റ് എട്ടിന് വട്ടുലക്കി ഊര് മൂപ്പൻ ചൊറിയനെയും മകൻ വി.എസ്. മുരുകനെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത പൊലിസ് നടപടി. ഭൂമി അന്യധീനപ്പെടൽ അടക്കമുള്ള ആദിവാസി ചൂഷണങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ‘‘അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ’’ (എ.എ.സി) എന്ന സംഘടനയുടെ വൈസ് ചെയർമാനാണ് മുരുകൻ. മൂന്ന് വർഷം മുമ്പ് മുക്കാലിയിൽ ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൻറെ പശ്ചാത്തലത്തിൽ രൂപവത്കരിക്കപ്പെട്ടതാണ് എ.എ.സി. ഊര് മൂപ്പൻ എന്ന നിലയിൽ ഊരിലെ കാര്യങ്ങൾ തീരുമാനിക്കുന്ന ആളായ ചൊറിയ മൂപ്പൻ ദീർഘകാലം സി.പിഐ യുടെ ആദിവാസി സംഘടനയായ ആദിവാസി മഹാസഭയുടെ പാലക്കാട് ജില്ല സെക്രട്ടറി ആയിരുന്നു. ഈ നിലകളിൽ അട്ടപ്പാടിയിലെ പൊതു-ഔദ്യോഗിക രംഗങ്ങളിൽ ഇരുവരും സുപരിചിതരാണ്.
ഒരു അറിയിപ്പ് കൊടുത്താൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്ന ഇവരെ പിടികിട്ടാപ്പുള്ളികളായ കൊടുംകുറ്റവാളികളെ പിടികൂടുന്ന രീതിയിലാണ് ഷോളയൂർ പൊലിസ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ.വിനോദ് കൃഷ്ണനും സംഘവും പുലർച്ചെ ആറ് മണിയോടെ ഊര് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ആദിവാസികൾക്ക് നേരെ ഇത്തരം നടപടി അട്ടപ്പാടിയിൽ ആദ്യമാണ്. ക്രമസമാധാനപാലനത്തിൻറെ ഭാഗമായ നടപടികളാണ് പൊലിസിൻറത് എന്ന ഔദ്യോഗിക ഭാഷ്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ആഗസ്റ്റ് എട്ടിന് വട്ടുലക്കി ഊരിൽ സംഭവിച്ചത്.

മുൻചീഫ് സെക്രട്ടറിയുടെ താൽപര്യം
അറസ്റ്റിലായവർ അടക്കമുള്ള ഒരു പറ്റം ആദിവാസികളുടേതായിരുന്ന വട്ടുലക്കിയലെ 55 ഏക്കർ ഭൂമിയിൽ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിനെതിരേയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം കൊടുത്തവരെ കേസിൽ കുടുക്കാനുള്ള പദ്ധതിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാധിരാജ വിദ്യാസമാജംഎന്ന ട്രസ്റ്റ് ആണ് ഈ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നത്. 1.3.1994 മുതൽ 15.6.1996 വരെ കേരള ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ. ആർ.രാമചന്ദ്രൻ നായരുടേതാണ് ഈ ട്രസ്റ്റ്. വട്ടുലക്കി മേഖലയിൽ വിവിധ സ്ഥലങ്ങളിലായി നൂറ് ഏക്കറോളം ഭൂമി ഈ ട്രസ്റ്റിൻറെ പേരിൽ ഉണ്ട്. 1982-83കാലത്ത് കൈവശപ്പെടുത്തിയതാണ് ഈ ഭൂമി എന്നാണ് ട്രസ്റ്റിൻറെ അവകാശവാദം. 1975ലെ ആദിവാസി ഭൂമി (അന്യാധീനപ്പെടൽ തടയലും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിച്ച് കൊടുക്കലും) നിയമത്തിൻറെ മുൻകാലപ്രാബല്യ വ്യവസ്ഥയനുസരിച്ച് ഇക്കാലത്ത് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധവും അസാധുവുമാണ്.

ഊര് വളഞ്ഞ്...
ആഗസ്റ്റ് എട്ടിന് ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ഷോളയൂർ സർക്കിൾ ഇൻസ്പെക്ടർ ടി.കെ.വിനോദ് കൃഷ്ണൻറെ നേതൃത്വത്തിൽ ഒരു വനിതാ കോൺസ്റ്റബ്ൾ അടക്കം രണ്ട് ജീപ്പുകളിൽ പൊലിസ് വട്ടുലക്കി ഊരിൽ എത്തിയത്. ഊരിലേക്കാുള്ള വഴികളിൽ പൊലിസിനെ നിർത്തിയിരുന്നു. പൊലിസ് എത്തുന്ന സമയം മൂപ്പൻ തൊഴുത്തിൽ ചാണകം വാരുകയായിരുന്നു. കുടുബത്തിന് പതിനഞ്ച് പശുക്കൾ ഉണ്ട്. മുരുകൻ ഉറക്കത്തിലായിരുന്നു. മൂപ്പനെ വിളിച്ച് വരുത്തി മുരുകനെ വിളിക്കാൻ പൊലിസ് ആവശ്യപ്പെട്ടു. കാര്യം തെരക്കിയ മൂപ്പനോട് അത് പിന്നെപ്പറയാം എന്നായിരുന്നു ഇൻസ്പക്ടറുടെ പ്രതികരണം.
മുരുകൻറെ മകനോട് അയാളെ വിളിച്ച് കൊണ്ടുവരാൻ മൂപ്പൻ പറഞ്ഞതനുസരിച്ച് കുട്ടി മുരുകനെ ഉണർത്തി പൊലിസ് വന്ന വിവരം പറഞ്ഞു. ഉറക്കപ്പായിൽ നിന്ന് വന്ന മുരുകനോട് ജീപ്പിൽ കയറാൻ ഇൻസ്പക്ടർ നിർദ്ദേശിച്ചു. മൂത്രം ഒഴിക്കണമെന്നും മുഖം കഴുകണമെന്നുമുള്ള അയാളുടെ ആവശ്യം ചെവിക്കൊള്ളാൻ പൊലിസ് തയ്യാറായില്ല. മകൻ കൊണ്ടുവന്ന ഷർട് ധരിച്ചുകൊണ്ട് എന്താണ് പ്രശ്നമെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ച മുരുകനോടും പിന്നെ പറയാം എന്നായിരുന്നു മറുപടി. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും എന്താണ് കാര്യമെന്നും അറിയാതെ താൻ എങ്ങനെ വരുമെന്ന ചോദിച്ച മുരുകനെ പൊലിസ് ബലപ്രയോഗിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. പത്ത് മണിക്ക് താൻ സ്റ്റേഷനിൽ ഹാജരായിക്കൊള്ളാമെന്ന് മുരുകൻ പറഞ്ഞത് പൊലിസ് ഗൗനിച്ചില്ല. അയാളെയും അഛനെയും ജീപ്പിലേക്ക് ഉന്തിക്കയറ്റാൻ പൊലിസ് ബലം പ്രയോഗിച്ചു. ബലപ്രയോഗവും ചെറുത്തുനിൽപ്പും ഭീകരാന്തരീക്ഷം ഉണ്ടാക്കി.
ഇത് കണ്ട് അടുത്ത് ചെന്ന മുരുകൻറെ ഭാര്യയെ പൊലിസ് വലിച്ച് മാറ്റി. ബലപ്രയോഗത്തിനിടയിൽ മുരുകൻറെ ഷർട്ടിൻറെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ തെറിച്ച് പോയത് ഒരു പൊലിസുകാരൻ കൈക്കലാക്കി. അത് മുരുകൻ പിടിച്ച് വാങ്ങി മകൻ രാജീവന് കൈമാറി. രാജീവ് അതിൽ ബലപ്രയോഗത്തിൻറെ വീഡിയോ എടുത്തു. ഒരു പൊലിസുകാരൻ അതിനിടയിൽ ആ കുട്ടിയുടെ ചെവിട്ടത്തടിച്ചു. ചൊറിയൻ മൂപ്പനെയും മകൻ മുരുകനെയും എങ്ങോട്ടാണ്, എന്തിനാണ് കൊണ്ടുപോകുന്നത് എന്ന് അവരോട് മാത്രമല്ല ബന്ധുക്കളോടും പൊലിസ് പറഞ്ഞില്ല. ഭീകരാന്തരീക്ഷത്തിൽ ഇരുവരെയും ജീപ്പിൽ വലിച്ച് കയറ്റി പൊലിസ് സംഘം ഊരിൽ നിന്ന് പോയി. പിന്നീട് തങ്ങളെ വിലങ്ങ് വെച്ചതായി മുരുകൻ പറഞ്ഞു. രാജീവൻ എടുത്ത പൊലിസ് അതിക്രമത്തിൻറ്റെ വീഡിയോയിലൂടെയാണ് സംഭവം തൽക്ഷണം പുറത്തായി. ഇത് പുറത്തായതിനാൽ സംഭവം ലോകം അറിഞ്ഞു.

കുടുംബ വഴക്ക്
15 കി.മീ അകലെയുള്ള കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോയത്. വഴിയിൽ കാത്തള നിൽക്കുകയായിരുന്ന അഗളി എ.എസ്.പി പഥം സിംഗ് ഐ.പി.എസിനെ വണ്ടി നിർത്തി തങ്ങളെ കാണിച്ചു എന്ന് മുരുകൻ പറഞ്ഞു. അദ്ദേഹം പൊലിസുകാർക്ക് എന്തോ നിർദ്ദേശങ്ങൾ നൽകിയത്രെ. സംഘടനാപ്രവത്തകൻ എന്ന നിലയിൽ മുമ്പ് പലവട്ടം കണ്ട് സംസാരിച്ച പരിചയമുണ്ടായിട്ടും അദ്ദേഹവും അപരിചിതത്വം നടിച്ചു എന്ന് മുരുകൻ പറഞ്ഞു. വൈദ്യപരിശോധനക്ക് വിധേയരാക്കി ഏഴരയോടെ കോട്ടത്തറ ആശുപത്രിയിൽ നിന്നും പുറപ്പെട്ട് എട്ടരയോടെ ഇവരെ ഷോളയൂർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെവെച്ച് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ അറസ്റ്റുമായി ബന്ധപ്പെട്ട കടലാസുകളിൽ ഇരുവരെ കൊണ്ടും അവിടെ എത്തിയ മുരുകൻറെ ഭാര്യ രാജാമണിയെ കൊണ്ടും ഒപ്പുകൾ ഇടുവിച്ചു. ആ കടലാസുകൾ വായിച്ച് നോക്കാണമെന്ന മുരുകൻറെ ആവശ്യം പൊലിസ് ചെവിക്കൊണ്ടില്ല.
വിവരമറിഞ്ഞ് ചെന്ന ആക്ഷൻ കൗൺസിൽ ചെയർമൻ ടി.എസ്. സുരേഷിനെ പോലും മുരുകനെ കാണാൻ പൊലിസ് അനുവദിച്ചില്ല. എല്ലാം ഏതാണ്ട് പതിനഞ്ച് മിനിറ്റ് കൊണ്ട് പൂർത്തീകരിച്ച് ‘പ്രതികളെ’യും കൊണ്ട് സ്റ്റേഷനിൽനിന്ന് പൊലിസ് പുറപ്പെട്ടു. വീണ്ടും കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തി ഇരുവരുടെയും ആൻറിജൻ ടെസ്റ്റ് നടത്തിയശേഷം വാഹനം മണ്ണാർക്കാട്ടേക്ക് പുറപ്പെട്ടു. പത്ത് മണിക്ക് മണ്ണാർക്കാടുള്ള മുൻസിഫ് മജിസ്ട്രറ്റിൻറെ വീട്ടിൽ ഇവരെ ഹാജരാക്കി. അവിടെ വെച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ആഗസ്റ്റ് മൂന്നിന് ബന്ധു കുറുന്താചലവുമായുണ്ടായ വഴക്കാണ് ഇതിന് ആധാരമെന്നും ഇവർക്ക് മനസ്സിലാവുന്നത്. പിടിച്ചുവെച്ച് മർദ്ദിക്കൽ (341), മൂർച്ചയുള്ള സാധനം കൊണ്ട് മരണകാരണമാകുന്ന വിധം മുറിവേൽപ്പിക്കൽ (326), മോശമായ ഭാഷയിൽ അധിക്ഷേപിക്കൽ (294), നിയമവിരുദ്ധമായി സംഘം ചേർന്ന് ആക്രമിക്കൽ (34) എന്നീ കുറ്റങ്ങളാണ് തങ്ങളുടെ പേരിൽ ചുമത്തിയിരിക്കുന്നത് എന്നി കുറ്റങ്ങളാണ് ചുമത്തിയത്.
പൊലിസിനെക്കുറിച്ച് പരാതി ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഉണ്ടെന്നും അത് പൊലിസിൻറെ സാന്നിധ്യത്തിൽ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചതിനെ തുടർന്ന്, പൊലിസുകാരെ പുറത്താക്കി മജിസ്റ്റ്രേട്ട് ഇവരുടെ മൊഴി രേഖപ്പെടുത്തി. ആഗസ്റ്റ് മൂന്ന് മുതലുള്ള സംഭവങ്ങൾ മുരുകൻ കോടതിയെ ധരിപ്പിച്ചു. അത് രേഖപ്പെടുത്തി കോടതി ഇവരെ റിമാൻറ് ചെയ്ത് ആലത്തൂർ ജയിലിലേക്കയച്ചു. ഇവർക്ക് വേണ്ടി അഭിഭാഷകരായ അരവിന്ദക്ഷനും പ്രീതയും ഹാജരായി. 11ന് ജാമ്യാപേക്ഷ സമർപ്പിച്ചു. ഒരു മാസത്തേക്ക് ഷോളയൂർ പഞ്ചായത്തിൽ പ്രവേശിക്കരുത്, മേലിൽ ഇവരെ പൊലിസ് വിളിപ്പിക്കുകയാണെങ്കിൽ നോട്ടീസ് നൽകിയിരിക്കണം എന്നീ വ്യവസ്ഥകളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചു.

ആഗസ്റ്റ് മൂന്നിലെ സംഭവം
അറസ്റ്റിന് ആധാരമായ കുറുന്താചലവുമായുള്ള വഴക്ക് നടന്നത് ആഗസ്റ്റ് മൂന്നിന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ്. മുരുകൻറ്റെ ഭാര്യ രാജാമണി ഊരിൽനിന്നും ഏതാണ്ട് ഒരു കി.മീ വടക്കുള്ള ‘ക്രിക്കറ്റ് ഗ്രൗണ്ട്’ എന്ന പറയുന്ന വെളിമ്പറമ്പിൽ പശുക്കളെ മേയ്ചുകൊണ്ടിരിക്കവേ സമീപത്തെ റോഡിലൂടെ തൻറെ ടവേര കാർ ഓടിച്ച് വീട്ടിലക്ക് വരുകയായിരുന്ന കുറുന്താചലം വണ്ടി പശുക്കളുടെ നേരെ തിരിച്ച് ഇരപ്പിക്കുകയും രാജാമണിയെ ചീത്ത വിളിക്കുകയും ചെയ്തു. രാജാമണിയുടെ അമ്മാവൻറ്റെ മകനാണ് ഇയാൾ. തൊട്ടടുത്താണ് കുറുന്താചലത്തിൻറ്റെയും അനുജൻ വെള്ളിങ്കിരിയുടെയും വീടുകൾ. ഒരു വീർപ്പ് ചീത്ത വിളിക്ക് ശേഷം അയാൾ വണ്ടി വീട്ടിൽ കൊണ്ടുപോയി നിർത്തി പോർവിളിയുമായി വീണ്ടും ചെന്നു. ചിതറി ഓടിയ പശുക്കളെ തടുത്തുകൂട്ടാൻ ശ്രമിക്കുന്ന രാജാമണിക്ക് നേരെ അയാൾ അസഭ്യവർഷവുമായി തിരിഞ്ഞു. ഇരുകൈകളിലും കല്ലുമായി കുതിച്ച് വന്ന അയാളുടെ മുണ്ട് അഴിഞ്ഞ്പോയിരുന്നു. അയാൾ രാജാമണിക്ക് നേരെ എറിയാൻ ആരംഭിച്ചു. കാലിൽ ഏറ് കൊണ്ട രാജാമണി നിലത്ത് വീണു. കുറുന്തചലത്തിൻറെ അളിയൻ ചന്ദ്രൻ വന്ന് അയാളെ മുണ്ട് ഉടുപ്പിക്കാനും പിന്തിരപ്പിക്കാനും ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. കുറുന്താചലത്തെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഇരുവരും കെട്ടിമറിഞ്ഞ് നിലത്ത് വീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
റേഷൻ വാങ്ങാൻ ഇറങ്ങിയ മുരുകൻറ്റെ അമ്മ ശബ്ദം കേട്ട് അതിനോടകം അവിടെ എത്തിയിരുന്നു. അതിനിടയിൽ വിവരമറിഞ്ഞ മുരുകനും ചൊറിയ മൂപ്പനും അവിടെയെത്തി. കടയിലേക്ക് വന്ന മുരുകൻറ്റെ മകൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് ബഹളം കേട്ടപ്പോൾ അമ്മ അങ്ങോട്ടാണ് പോയത് എന്നറിയുന്നതിനാൽ വീട്ടിലെത്ത അമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. മകൻ പറഞ്ഞതനുസരിച്ചാണ് മുരുകൻ പോയതത്. പിന്നാലെ ചൊറിയ മൂപ്പനും. മുരുകനെ കണ്ട കുറുന്താചലം അയാളെ വെല്ലുവിളിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റം ഏറ്റുമുട്ടലാകാതിരിക്കാൻ അളിയൻ ചന്ദ്രൻ കുറുന്താചലത്തെ പിന്തിരിപ്പിച്ച് കൊണ്ടിരുന്നു. മുരുകനെ അമ്മയും ഭാര്യയും പിന്തിരിപ്പിച്ചു. ഒടുവിൽ, സംഘർഷസ്ഥലത്തുവെച്ച് മുരുകൻ ഷോളയൂർ പൊലിസ് സറ്റേഷനിലേക്ക് വിളിച്ച് സഹായം അഭ്യർഥിച്ചു. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ഫോൺ എടുത്ത ഉദ്യോഗസ്ഥൻ ഉത്തരവാദപ്പെട്ടവർ വന്ന ശേഷം സ്ഥലത്തെത്താമെന്ന് ഉറപ്പ് നൽകി. ഭാര്യയേയും കൂട്ടി മുരുകൻ അവിടെ നിന്ന് മടങ്ങി.
മുമ്പും മുരുകൻറെയും രാജാമണിയുടെയും കുടുംബത്തെ കുറുന്താചലം ഉപദ്രവിച്ചിട്ടുണ്ട്. രാജാമണിയുടെ അമ്മയുടെ കൈ വെട്ടിയതിന് ഒരു കേസും ഉണ്ടായിരുന്നു. കുടുംബക്കാരായതിനാൽ പിന്നീട് പരാതി പിൻവലിച്ചു. ഊരിലെ പൊതുചടങ്ങുകളിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടത്രെ. കണ്ടയിൻമെൻറ് മേഖലയായി പ്രഖ്യാപിച്ച ഊരിലേക്ക് വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് മൂപ്പനുമായി പ്രശ്നങ്ങളുണ്ടാക്കിയതിന് രണ്ട് മാസം മുമ്പ് ഇതേ സി.ഐ കുറുന്താചലത്തെ താക്കീത് ചെയ്തിരുന്നു.

പൊലിസ് പക്ഷം ചേരുന്നു
മുറിവിൽ നിന്ന് രക്തം വരുന്നതിൽ ബന്ധുക്കൾ ചേർന്ന് ഇയാളെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് മൂന്നേ മുക്കാൽ മണിയോടെ പരിക്കേറ്റ അവസ്ഥയിൽ കുറുന്താചലം കോട്ടത്തറ ആശുപത്രിയിൽ എത്തി. വഴക്ക് നടന്ന സ്ഥലത്തുനിന്ന് ഏറിയാൽ 15 മിനിറ്റ് നടന്നാൽ എത്താവുന്ന വട്ടുലക്കി സർക്കാർ കുടുബാരോഗ്യ കേന്ദ്രം ഒഴിവാക്കി മുരുകനെ കോട്ടത്തറയിൽ എത്തിച്ചത് വിദഗ്ദ ചികിത്സക്കായിട്ടാണത്രെ. എന്നാൽ, വിദഗ്ദ ചികിത്സ ആവശ്യമയത്ര മാരകമായ മുറിവില്ലാത്തതിനാൽ തലയിലെ മുറിവിനും കൈയ്യിലെ ഒടിവിനും ബാൻഡേജ് ഇട്ടശേഷം അയാളെ വീട്ടിലേക്കയച്ചു.
മുട്ടിന് വേദന തോന്നിയതിനാൽ രാജാമണിയെ വൈകിട്ട് ഊരിൽ ഇവർ താമസിക്കുന്നതിന് തൊട്ട് പുറകിലുള്ള വട്ടുലക്കി കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കാണിച്ചു. ആക്രമണത്തിനിരയായ കാര്യം പൊലിസിനെ അറിയിക്കണമെന്ന മുരുകൻറെ ആവശ്യം ഡ്യൂട്ടി ഡോക്ടർ നിരാകരിച്ചു. പകരം, അദ്ദേഹം ഷോളയൂർ സി.ഐയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. രാജാമണി ആക്രമിക്കപ്പെട്ട വിവരം ആശുപത്രിയിൽനിന്ന് ഇതുവരെ പൊലിസിനെ രേഖാമൂലം അറിയിച്ചിട്ടില്ല. നേരത്തെ മുരുകന് ഫോണിൽ ഉറപ്പ് നൽകിയത് അനുസരിച്ച് പൊലിസ് സംഭവസ്ഥലത്ത് എത്തിയതുമില്ല. പിറ്റേന്നും അവർ ചെന്നില്ല.
സംഭവത്തെക്കുറിച്ചും ഇതിൽ ഷോളയൂർ പൊലിസ് പ്രകടിപ്പിക്കുന്ന അവഗണനയെക്കുറിച്ചും പരാതിപ്പെട്ട് രാജാമണിയുടെ പേരിൽ ആഗസ്റ്റ് നാലിന് മുരുകൻ അഗളി എ.എസ്.പി പഥം സിംഗിന് ഇ-മെയ്ൽ അയച്ചു. പിറ്റേന്ന് പരാതി കൈപ്പറ്റി എന്ന രശീതി കിട്ടി-ഷോളയൂർ പൊലിസിൽ നിന്ന്. എ.എസ്.പിക്ക് അയച്ച പരാതിക്കാണ് സർക്കിൾ ഇൻസ്പക്ടർ കൈപ്പറ്റ് രശീതി കൊടുത്തത്! ഇത് പതിവില്ലാത്തതാണ്. ആറിന് ഷോളയൂർ സ്റ്റേഷനിൽനിന്ന് ഊരിലെത്തിയ രണ്ട് പൊലിസുകാർ രാജാമണിയുടെ മൊഴി എടുത്തു. മൊഴി വായിച്ച് കേട്ടപ്പോൾ അതിൽ രാജമണി ആക്രമിക്കപ്പെട്ട വിവരം ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മുരുകനോട് പിറ്റേന്ന് സംഭവസ്ഥലം പരിശോധിക്കാൻ വരുന്ന സമയത്ത് അക്കാര്യം രേഖപ്പെടുത്താമെന്നായിരുന്നു അവരുടെ മറുപടി. പിറ്റേന്ന് മൊഴിയിൽ അത് എഴുതിയില്ല. അത് കഴിഞ്ഞതല്ലേ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ചു. രാജാമണിയുടെ പരാതിയിൽ ഇതുവരെ മൊഴി എടുത്തിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടുമില്ല.
അതേസമയം, കുറുന്താചലത്തെ ആക്രമിച്ചതിന് പൊലിസ് നടപടി അതിദ്രുതമായയിരുന്നു . കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നുള്ള ഇൻറിമേഷനെ അടിസ്ഥാനമാക്കിയാണ് പൊലിസ് നടപടി എടുത്തത്. കാര്യമായ പരിക്ക് ഇല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി പറഞ്ഞയച്ച കുറുന്താചലം രണ്ട് ദിവസം കഴിഞ്ഞ് വേദന അനുഭവപ്പെടുന്നതായി പറഞ്ഞ് വീണ്ടും ചെന്നിരുന്നു. കാര്യമായി ഒന്നും കാണാതായപ്പോൾ വിദഗ്ദ പരിശോധനക്കായി അയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. അവിടെ വെച്ച് സ്കാനിംഗ്, എക്സ്-റേ എന്നിവ നടത്തിയ ശേഷം വിശ്രമിക്കാൻ നിർദ്ദേശിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു.

കുറുന്താചലത്തിൻറെ വിമുഖത
സംഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ കുറുന്താചലത്തിൻറെ വീട്ടിൽ എത്തിയപ്പോൾ സംസാരിക്കാൻ എന്തുകൊണ്ടോ അദ്ദേഹം വിമുഖനായിരുന്നു. ആഗസ്റ്റ് 15ന് വൈകിട്ട് നാല് മണിയോടെയാണ് ജനനീതി സംഘം ചെന്നത്. ബി.ജെ.പി പാലക്കാട് ജില്ല ജന. സെക്രട്ടറി പി.വേണുഗോപാൽ, ജില്ല സെക്രട്ടറി ബി. മനോജ്, മണ്ണാർക്കാട് മണ്ഡലം പ്രസിഡൻറ് എ.പി.സുമേഷ് കുമാർ, എസ്.ടി.മോർച്ച സംസ്ഥാന ജന. സെക്രട്ടറി കെ. പ്രമോദ് കുമാർ എന്നിവർ അയാളെ സന്ദർശിച്ച് യാത്ര പറയുന്ന സമയത്താണ് ഞങ്ങൾ ചെന്നത്. കുറുന്താചലം അഛൻ ലക്ഷ്മണനും അനിയൻ വെള്ളിങ്കിരിക്കുമൊപ്പം അത്രയും നേരം ഈ സംഘവുമായി സംസാരിക്കുകയായിരുന്നു. അവർ പോയ ശേഷം സംസാരിക്കാൻ ശ്രമിച്ച ഞങ്ങളോട് ഒന്ന് രണ്ട് വാക്കുകൾ മാത്രമാണ് അയാൾ സംസാരിച്ചത്. പനിയാണെന്ന് പറഞ്ഞ് അയാൾ വീട്ടിനകത്തേക്ക് കയറിപ്പോയി. അയാളുടെ വലത് കൈയുടെ മുട്ടിന് താഴെ ചെറുവിരൽ അടക്കം വരെ ബാൻഡേജ് ഉണ്ടായിരുന്നു. തലയിൽ ബാൻഡേജ് അഴിച്ചിരുന്നു. കുറുന്താചലത്തിന് വേണ്ടി സംസാരിച്ചത് അനിയൻ വെള്ളിങ്കിരിയാണ്. ബി.ജെ.പി എസ്.ടി. മോർച്ച നേതാവ് കൂടിയായ വെളളങ്കിരി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ആടി ആഘോഷത്തോടനുബന്ധിച്ച് വീട്ടിൽ ബന്ധുക്കൾ ഒത്തുകുടിയ ദിവസമാണ് സംഭവം നടന്നത് എന്ന് വെളളങ്കിരി പറഞ്ഞു. അതാണ് അളിയൻ ചന്ദ്രൻ അവിടെ ഉണ്ടാകാൻ കാരണം. തങ്ങൾക്ക് അവകാശപ്പെട്ട ഭുമിയിൽ രാജാമണി മാട് മേച്ചതാണ് മുരുകൻ ചോദ്യം ചെയ്തത്. അതാണ് പ്രശ്നങ്ങളിൽ കലാശിച്ചത് എന്ന് വെള്ളിങ്കിരി പറഞ്ഞു. മുരുകൻറ്റ അഛൻ ചൊറിയൻ മൂപ്പൻ കുറുന്താചലത്തെ പിടിച്ചുവെക്കുകയും മുരുകൻ കല്ല് കൊണ്ട് കുത്തുകയും ചെയ്തതായും മുരുകൻ പറഞ്ഞു. വടി കൊണ്ടുള്ള ചൊറിയൻ മൂപ്പൻറെ അടി തടുത്തപ്പോൾ കുറുന്താചലത്തിൻറ വലത് കൈയുടെ ചെറുവിരലിന് താഴെ പൊട്ടലുണ്ടായതാണ് കൈയിൽ ബാൻഡേജ് ഇടാൻ കാരണം. ഒരു കുടുംബ വഴക്ക് മാത്രമായ ഇത് അവിടെ പരിഹരിക്കേണ്ടതിന് പകരം ചിലർ ഇടപെട്ട് വഷളാക്കിയതാണ് -വെള്ളിങ്കിരി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അയാൾ സ്ഥലത്തുണ്ടായിരുന്നില്ല. വിശദാംശങ്ങളിലേക്ക് പോകാൻ വെളളിങ്കിരി താൽപര്യം കാട്ടിയില്ല.
പരിക്കുകൾ ഭീകരമാണ് എന്ന് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. തലയിൽ മാരകമായ മുറിവുണ്ടെന്നും കൈക്ക് ഒടിവുള്ളതിനാലാണ് സ്കാനിംഗ് നടത്തിയതെന്നും അയാൾ പറഞ്ഞു. സ്കാൻ റിപ്പോർട്ട് കാണട്ടെ എന്ന് പറഞ്ഞപ്പോൾ ലക്ഷ്മണൻ എടുത്തുകൊണ്ടുവന്ന കവറിൽ നിന്നും അയാൾ ഫിലിം എടുത്ത് തന്നു. ഫിലിം കണ്ട് മനസ്സിലാക്കാനാവാത്തതിനാൽ റിപ്പോർട് ചോദിച്ചപ്പോൾ അത് കയ്യിൽ വെച്ച് കൊണ്ട് നിഷേധാർഥത്തിലാണ് വെള്ളിങ്കിരി പ്രതികരിച്ചത്. വ്യക്തമായ കാരണങ്ങൾ ഉള്ളതിനാൽ അത് കാണിക്കേണ്ടിടത്തേ കാണിക്കൂ എന്ന് അയാൾ പറഞ്ഞു.

പ്രശ്നങ്ങളുടെ ഉറവിടം
കുറുന്താചലത്തിൻറ്റെ വീടിനടുത്താണ് കേസിന് ആസ്പദമായ സംഭവം നടന്ന ‘ക്രിക്കറ്റ് ഗ്രൗണ്ട്’ അടങ്ങുന്ന ഈ പ്രശ്നങ്ങളുടെ ഉറവിടമായ ഭൂമി. ഈ ഭൂമിയിൽ 55 ഏക്കർ തങ്ങളുടെ പൂർവ്വികരുടേതാണെന്ന് അടുത്തിടെയാണ് റീസർവ്വേക്കായി വന്ന ട്രൈബൽ താലൂക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ആദിവാസികൾ അറിഞ്ഞത്. 2021 ഫെബ്രവരിയിലാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്ഥാപിച്ചത്. പരിശോധനയിൽ ഈ ഭൂമിയുടെ അടിയാധാരം വട്ടുലക്കി ഊരിലെ രവികുമാറിൻറെ മുത്തഛൻറെ പേരിലാണ് എന്ന് സർവ്വേ ഉദ്യേഗസ്ഥരിൽ നിന്ന് അറിഞ്ഞതതിനെ തുടർന്ന് അവർ രേഖകൾ ശേഖരിച്ച് നിയമനടപടികളിലേക്ക് കടക്കാനുള്ള ശ്രമം തുടങ്ങി. 1975ലെ കേരള ആദിവാസി ഭൂമി (കൈമാറ്റം തടയൽ, അന്യാധീനപ്പെട്ട ഭുമി പുനഃസ്ഥാപിക്കൽ) നിയമം അനുസരിച്ച് അടിയാധാരത്തിൽ പേര് ഉള്ളവർക്കാണ് ആദിവാസി ഭൂമി.
അങ്ങനെയിരിക്കേയാണ് ഹൈറേഞ്ച് ഡവലപ്മെൻറ്റ് സൊസൈറ്റി (എഛ്.ആർ.ഡി.എസ്) എന്ന എൻ.ജി.ഒ ഈ ഭൂമിയിൽ അവകാശവുമായി വരുന്നത്. 2021 ഏപ്രിൽ 23ന് എഛ്.ആർ.ഡി.എസിൻറെ തൊഴിലാളികൾ ജെ.സി.ബിയും മറ്റും കൊണ്ടുവന്ന് ഈ ഭൂമിയിൽ ക്രിക്കറ്റ് ഗ്രൗണ്ടിന് കിഴക്ക് ഒരിടം വൃത്തിയാക്കി. പിന്നാലെ 27ന് ഇവർ ഭൂമി പൂജ നടത്താൻ പൂജാരിയും സന്നാഹങ്ങളുമായി എത്തി. മുൻകോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ. എസ്. കൃഷ്ണകുമാർ പേട്രൺ ആയ എഛ്.ആർ.ഡി.എസ് ദൽഹി ആസ്ഥാനമായ സന്നദ്ധ സംഘടനയാണ്. വട്ടുലക്കിയിലും പാലക്കാടും ഓഫീസ് ഉണ്ട്. തൊടുപുഴ സ്വദേശി അജി കൃഷ്ണൻ സെക്രട്ടറിയും സേലം സ്വദേശി ഗുരു ആത്മ നമ്പി (ആത്മജി) എന്ന സ്വാമി പ്രസിഡണ്ടും ആയ ഈ സംഘടന ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ്. ഈ സംഘടന ആദിവാസികൾക്ക് ഫെറോ സിമിൻറ് ഷീറ്റ് ചുമരും ചുരുൾ തകരഷീറ്റ് മേൽക്കുരയുമുള്ള മുന്നൂറ് രണ്ട് മുറി വീടുകൾ നിർമ്മിച്ച് കൊടുത്തിട്ടുണ്ട്. ഔഷധ സസ്യകൃഷിക്കും പദ്ധതിയുണ്ട്. സുരക്ഷിതത്വം അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഈ വീടുകൾക്ക് വൈദ്യുതിയും പഞ്ചായത്ത് അനുമതിയും നൽകിയിട്ടില്ല. സർക്കാരിൻറെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവരുടെ പ്രവർത്തനം.
തങ്ങളുടെ ഭൂമിയിൽ പൂജ നടത്താൻ പോകുന്നത് അറിഞ്ഞെത്തിയ ആദിവാസികൾ അത് എതിർത്തു. തങ്ങൾ ഇവിടെ ഔഷധ കൃഷിനടത്താന പോകുകയാണെന്നാണ് അവർ പറഞ്ഞത്. എഛ്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻറെ നേതൃത്വത്തിൽ എഛ്.ആർ.ഡി.എസിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്. അട്ടപ്പാടിയിലെ കുപ്രശസ്ത ഭൂമികച്ചവട ഇടനിലക്കാരൻ രാജു ഒത്താശയുമായി ഒപ്പമുണ്ടായിരുന്നു. കയ്യേറ്റത്തെ എതിർത്ത ആദിവാസികളെ ആദ്യം വിരട്ടാനും പിന്നെ അനുനയിപ്പിക്കാനും സംഘം ശ്രമിച്ചു. ഈ ഭൂമി മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായരുടേതാണെന്നും രേഖകൾ അദ്ദേഹത്തിൻറെ പേരിലാണെന്നും ഇടനിലക്കാരൻ രാജുവും മറ്റും ആദിവാസികളെ ധരിപ്പിക്കാൻ ശ്രമിച്ചു. ഭൂമി എഛ്.ആർ.ഡി.എസ് പാട്ടത്തിന് വാങ്ങിയിരിക്കുകയാണത്രെ. സി.പി.എം നേതാവും ഷോളയൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ രാമമൂർത്തിയുടെയും സി.പി.ഐ നേതാവും വൈസ് പ്രസിഡണ്ട് ഡി.രവിയുടെയും മറ്റും നേതൃത്വത്തിൽ കൈയേറ്റത്തിനെതിരേ രംഗത്ത് വന്നതോടെ രവികുമാറിൻറെ ഭുമിയിൽ പുജ നടത്തുന്നതിൽ നിന്ന് എഛ്.ആർ.ഡി.എസ് തൽക്കാലം പിന്മാറി. പിന്നീട് ക്രിക്കറ്റ് ഗ്രൗണ്ടിൽ പൂജ നടത്താനായി ശ്രമം. രേഖകളിൽ അത് ചൊറിയ മൂപ്പൻറെ അഛൻ ചാത്ത മൂപ്പൻറെ പേരിലാണ്. അതിനെതിരേയും എതിർപ്പ് വന്നപ്പോൾ ഒരിടത്ത് പൂജ നടത്തി എന്ന് വരുത്തി അവർ പിന്മാറി.
കുട പിന്നീട് ലോക് ഡൗണായതിനാൽ ഒന്നും നടന്നില്ല. ലോക് ഡൗൺ പിൻവലിച്ചതിന് ശേഷം ആദിവാസികൾ വിവാദ ഭൂമി കാട് തെളിച്ച് കൃഷി ചെയ്യാൻ ആരംഭിക്കുകയും കുടിൽ കെട്ടുകയും ചെയ്തു.

കുടിൽ കത്തിക്കുന്നു

കാര്യങ്ങൾ ശാന്തമായി നീങ്ങുന്നതിനിടയിലാണ് 2021 ജൂൺ 23ന് രാവിലെ ഷോളയൂർ പൊലിസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണൻ സ്ഥലത്തെത്തി കുടിൽ പൊളിച്ച് കൊണ്ടുപോകണമെന്ന് ആദിവാസികളോട് നിർദ്ദേശിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നടത്തുന്ന ദിവസമായിരുന്നു അത്. ടെസ്റ്റിന് മേൽനോട്ടം വഹിച്ചിരുന്ന ഊരിലെ ട്രൈബൽ പ്രെമോട്ടർ സൂര്യയെ വിളിച്ചുവരുത്തിയ ഇൻസ്പെക്ടർ കുടിൽ കെട്ടിയവരോട് അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്ന് ഉപദേശിച്ചു. സൂര്യയുടെ ഭർത്താവാണ് രവികുമാർ. പ്രശ്നങ്ങൾക്ക് നിൽക്കരുതെന്ന് ഇൻസ്പെക്ടർ ആജ്ഞാപിച്ചു. സൂര്യയുടെ ഭർത്താവാണ് ഈ ഭൂമിയുടെ അവകാശിയായ രവികുമാർ. ഷോളയൂർ പഞ്ചായത്ത് മുൻ ഭരണസമിതി അംഗവും സി.പി.എം പ്രവർത്തകയുമായ സൂര്യ തങ്ങളുടെ അവകാശം സി.ഐയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇത് മുൻ ചീഫ് സെക്രട്ടറിയുടെ സ്ഥലമാണെന്നും കളിച്ചാൽ പ്രത്യഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം താക്കീത് നൽകി. അങ്ങനെയെങ്കിൽ അദ്ദേഹം വിളിക്കട്ടെ എന്നായി ആദിവാസികൾ.
വൈകാതെ എഛ്.ആർ.ഡി.എസിൻറെ വാഹനങ്ങളിൽ എത്തിയ ഒരു സംഘം ഭൂമിയിലേക്ക് പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന കുടിൽ പൊളിച്ച് കൂട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. അതിൽ അജി കൃഷ്ണനും ഉണ്ടായിരുന്നു. അക്രമികൾ പോയതിന് പിന്നാലെ ഇൻസ്പെക്ടറും സ്ഥലം വിട്ടു. ഇത് സംബന്ധിച്ച് ആദിവാസികൾ ഷോളയൂർ സ്റ്റേഷനിൽ പരാതി നൽകി. എഛ്.ആർ.ഡി.എസിൻറെ ലെറ്റർ പാഡിൽ സെക്രട്ടറി അജി കൃഷ്ണൻ വട്ടുലക്കി ഊരിലെ രവികുമാർ, അനിയൻ പ്രകാശ് എന്നിവരെ എതിർകക്ഷിയാക്കി ആർ.രാമചന്ദ്രൻ നായർക്ക് വേണ്ടി ഷോളയൂർ പൊലിസിൽ തീയ്യതി വെക്കാതെ പരാതി നൽകി. രവികുമാർ പാലക്കാട് ജില്ലാ ബാങ്കിൽ പ്രകാശ് ഒരു സ്വകാര്യ പോളിടെക്നിക്കിലും ജീവനക്കാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ്.

ട്രസ്റ്റ് രംഗത്ത് വരുന്നു
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഈ ഭൂമിയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള മണ്ണാർക്കാട് കോടതിയുടെ ഇഞ്ചങ്ഷൻ ഉത്തരവ് രവികുമാറിനും പ്രകാശിനനും ആദിവാസി ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് പി. എസ്. സുരേഷ്, വൈസ് പ്രസിഡണ്ട് വി.എസ്.മുരുകൻ എന്നിവർക്ക് കിട്ടി. തിരുവനന്തപുരം തീർഥപാദമണ്ഡപം ആസ്ഥാനമായ ശ്രീവിദ്യാധിരാജ ട്രസ്റ്റിൻറ്റെ സെക്രട്ടറി ഡോ. ആർ. അജയകുമാർ നൽകിയ ഹരജി പ്രകാരമാണ് ഇഞ്ചങ്ഷൻ. കേരള ചീഫ് സെക്രട്ടറി, സംസ്കൃത സർവ്വകലാശാല സ്ഥാപക വൈസ് ചാൻസലർ, സംസ്കൃത കവി, പണ്ഡിതൻ എന്നീ നിലകളിൽ വിഖ്യാതനായ ആർ.രാമചന്ദ്രൻ നായരുടെ മകനാണ് തിരുവനന്തപുരത്തെ പ്രശസ്ത കാർഡിയോളജിസ്റ്റ് ആയ ഡോ. അജയകുമാർ. രാമചന്ദ്രൻ നായർ സ്ഥാപിച്ച ഈ ട്രസ്റ്റ് നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഉദ്യോഗത്തിലിരിക്കേ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഐ.എ.എസ്കാരനായിരുന്ന രാമചന്ദ്രൻ നായർ നിരവധി വിജിലൻസ് കേസുകളിൽ പ്രതിസ്ഥാനത്ത് വന്ന് വിവാദപുരുഷനായിരുന്നു. അന്നത്തെ കാബിനറ്റ് സെക്രട്ടറി ഇദ്ദേഹത്തിൻറെ ജൂനിയർ ആയിരുന്നു.
1982-83 കാലത്ത് ട്രസ്റ്റ് വിവിധ വ്യക്തികളിൽ നിന്ന് വാങ്ങി കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ഭൂമി എന്നാണ് ഹരജിയിൽ പറയുന്നത്. അതിൽ പറയുന്ന സർവ്വേ നമ്പറുകൾ പരിശോധിച്ചപ്പോൾ ഒരു ഊര് അടക്കം ആദിവാസികൾ അല്ലാത്ത ഏതാനും ചെറുകിട തമിഴ് കർഷകർ നിലവിൽ താമസിച്ച് കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി പോലും ഇവരുടെ കൈവശമാണ്. വിവിധ സ്ഥലങ്ങളിലായാണ് ഈ സർവേ നമ്പറുകളിൽ പറയുന്ന ഭുമി. 82-83 കാലത്താണ് ഈ ഭൂമി ട്രസ്റ്റ് വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അന്ന് ശ്രീ. രാമചന്ദ്രൻ നായർ വനം-പരിസ്ഥിതി, പട്ടികജാതി വികസന കാര്യങ്ങളുടെ ചുമതലയുളള സെക്രട്ടറി ആയിരുന്നുവത്രെ. ’75ലെ ആദിവാസി ഭൂമി നിയമത്തിൻറെ മുൻകാല പ്രാബല്യം 1960 ജനവരി 1 മുതൽ ആയതിനാൽ അട്ടപ്പാടിയിൽ 82-83 കാലത്തുള്ള ഭൂമി ഇടപാടുകൾ നിയമപരമായി നിലനിൽക്കില്ല. ഇപ്പോൾ ഈ ഭുമിയുടെ അവകാശികളാണെന്ന് പറയുന്ന എഛ്.ആർ.ഡി.എസിൻറെ പ്രസിഡൻറ്റ് ശ്രീ. എസ്.കൃഷ്ണകുമാർ ഐ.എ.എസ് വിട്ട് കോൺഗ്രസിൽ ചേർന്ന് കേന്ദ്ര മന്ത്രി ആയ ആളാണ്. ഇപ്പോൾ ബി.ജെ.പിയിലാണ്. ഉന്നത സ്വാധീനം ഈ ഭൂമി ഇടപാടിൽ പ്രവർത്തിച്ചതിൻറെ സൂചനകളാണ് ഇതെല്ലാം. അതിൻറെ വിശദാംശങ്ങളും വസ്തുതകളും വ്യക്തമാകണമെങ്കിൽ ഉന്നതതല അന്വേഷണം ആവശ്യമാണ്.
എഛ്.ആർ.ഡി.എസിന് ഭൂമി കൈമാറിയത് ഏത് രീതിയിൽ ആയാലും നിയമപരമായി നിലനിൽക്കുകയുമില്ല. വിദ്യാധിരാജ ട്രസ്റ്റിൻറെ ഭൂമി തങ്ങൾ വാങ്ങി എന്ന അവകാശപ്പെട്ടാണ് ആദിവാസികൾ ഇവിടെ കെട്ടിയ കുടിലുകൾ എഛ്.ആർ.ഡി.എസ് തകർത്തത്. ഇവർ ആരംഭിക്കുന്നതായി പറയുന്ന പച്ചമരുന്ന് കൃഷി പദ്ധതിക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂമി പൂജ നടത്താനായിരുന്നു പരിപാടി. ഈ കേസിൽ പൊലിസ് എഛ്.ആർ.ഡി.എസിന് അനുകുലമായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. കുടിലുകൾ തകർക്കുന്ന സമയത്ത് സി.ഐയുടെ സാന്നിധ്യം അതിന് തെളിവാണ്.ചുണ്ടിക്കാട്ടുന്നു. അദ്ദേഹത്തിൻറെ സാന്നിത്തിലും അറിവോടെയതുമാണ് തീ വെപ്പ് നടന്നത്. ഇത് യാദൃശ്ചികമല്ല; വ്യക്തമായ ഗൂഡിലോചന നടന്നതിൻറെ തെളിവാണ് കൃത്യം നടക്കുന്ന സമയത്തെ ഇൻറ്പെക്ടറുടെ സാന്നിധ്യവും സംഭാഷണങ്ങളും.

എഛ്.ആർ.ഡി.എസ് ഫേസ് ബുക് കുറിപ്പ്
ഭൂമിയിൽ പ്രവേശിക്കാൻ കഴിയാതായതോടെ ആദിവാസി നേതാവായ മുരുകനെ രംഗത്ത് നിന്ന് മാറ്റാനും ചെറുത്ത് നിൽക്കുന്ന ആദിവാസികളെ ഭയപ്പെടുത്തി അകറ്റാനും എഛ്.ആർ.ഡി.എസ്-പൊലിസ് കൂട്ട്കെട്ടിന് വീണ് കിട്ടിയ അവസരമാണ് ആഗസ്റ്റ് മൂന്നിൻറെ സംഭവം. തൽപരകക്ഷികൾ പ്രയോജനപ്പെടുത്തിയതാണ് ആഗസ്റ്റ് എട്ടിന് ഊരിൽ നടത്തിയ പൊലിസ് അതിക്രമം. ഈ പൊലിസ് അതിക്രമത്തെ എഛ്.ആർ.ഡി.എസ് പ്രൊജക്ട് ഡയരക്ടർ ശ്രീ. ബിജു കൃഷ്ണൻ ഫേസ് ബുക്ക് കുറിപ്പിലൂടെ ന്യായീകരിച്ചത് അത് വ്യക്തമാക്കുന്നു. എഛ്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻറെ അനുജനാണ് ഇദ്ദേഹം.
‘‘സ്റ്റേഷനിൽ എത്താൻ പലതവണ പൊലിസ് ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത മൂപ്പൻ ചൊറിയനേയും മകൻ മുരുകനേയും നേരിട്ടെത്തി അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റാൻ നോക്കിയപ്പോൾ വിസമ്മതിച്ച സമയത്ത് പിടിചചുകയറ്റിയതിനെയാണ് പൊലിസ് അതിക്രമം എന്ന് പറയുന്നത്’’ എന്നാണ് ബിജു കൃഷ്ണൻറെ പോസ്റ്റ്. ഷോളയൂർ സി.ഐ വിനോദ് കൃഷ്ണനെ അഭിനന്ദിക്കുന്നതിനൊപ്പം മുരുകൻ മാവോയിസ്റ്റാണെന്ന് ആരോപിക്കുന്ന ഫേസ് ബുക് കുറിപ്പിൽ ആഗസ്റ്റ് 8ന് നടന്ന പൊലിസ് നടപടി തെറ്റായി റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ അപലപിച്ചിട്ടുണ്ട്. ‘‘പ്രതികളിൽ ഒരാളായ മുരുകൻ ആദിവാസി ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡണ്ട് ആണ്. ആദിവാസികളുടെ രക്ഷകർ ചമഞ്ഞ് മാവോയിസ്റ്റ് ആശയരീതികൾ പിന്തുടരുകയും അടപ്പാടിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആക്ഷൻ കൗൺസിലുകാരുടെ കാപട്യം ജനം തരിച്ചറിയണം‘’ എന്നാണ് ഫേസ് ബുക് ആഹ്വാനം. പൊലിസ് നടപടിയെ, അതും ആദിവാസികൾക്കെതിരായ നടപടിയെ ഒരു സന്നദ്ധ സംഘടന ന്യായീകരിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. വട്ടുലക്കി സംഭവപരമ്പരയിലെ പൊലിസ്-എഛ്.ആർ.ഡി.എസ് ബന്ധവും അജണ്ടയും വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മൂവ്വാറ്റുപുഴയിൽ ബി.ഡി.ജെ്.എസ് സ്ഥാനാർഥിയായി ബിജു കൃഷ്ണൻ മത്സരിച്ചിരുന്നു.

മാവോയിസ്റ്റ് ആക്കാൻ
ആദിവാസികളുടെ ചെറുത്ത് നിൽപ്പ് ഈ ഭൂമി കൈയ്യടക്കുന്നതിന് തടക്കമാകുമെന്ന് വ്യക്തമായ സാഹചര്യത്തിൽ മുരുകനെ രംഗത്ത് നിന്ന് മാറ്റുകയും ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്ന ആദിവാസികളെ ഭയപ്പെടുത്താനും ലഭിച്ച അവസരമായി ഈ വഴക്കിനെ ഉപയോഗിക്കുകയാണ് എഛ്.ആർ.ഡി.എസ് ചെയ്തത് എന്ന് അനുമാനിക്കാനാവുന്ന വിധമാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. പരാതിയില്ലാതെ അഞ്ചിന് കേസ് എടുക്കുകയും ആറിനും ഏഴിനും പ്രതികളുടെ മൊഴി എടുക്കുകയും ചെയ്ത് എട്ടിനണ് പുലർച്ചെ അറസ്റ്റ് നടത്തി. പൊലിസ് ആക്ഷൻറെ രണ്ടര മിനിറ്റ് വീഡിയോ പ്രചരിച്ചിരുന്നില്ലെങ്കിൽ മുരുകൻ മാവോയിസ്റ്റ് ആയി ജയിലിൽ അടക്കപ്പെട്ടേനെ. ഈ സംഭവത്തിൽ എഛ്.ആർ.ഡി.എസിൻറെ ആയുധമാവുകയായിരുന്നു പൊലിസ് എന്ന് സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. അട്ടപ്പാടിയിൽ വർധിച്ചുവരുന്ന ഭുമി കേസുകളിൽ പൊലിസ് നിലപാട് ആർക്കനുകൂലമാണ് എന്നതിൻറെ സൂചനയാണിത്.
ഒരാളെ മാരകമായി മർദ്ദിച്ചതിൻറെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ നിയമപ്രകാരമുള്ള നടപടികൾ മാത്രമാണ് പൊലിസ് സ്വീകരിച്ചത് എന്നാണ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണൻ പറഞ്ഞത്. രക്തം പുരണ്ട നിലയിൽ ആശുപത്രിയിൽ കിടക്കുന്ന കുറുന്താചലത്തിൻറ്റെ ഫോട്ടോ നേരത്തെ കണ്ടിരുന്നെങ്കിൽ ഇ.ശി.നി 307 (വധശ്രമം) കൂടി മുരുകൻറെ പേരിൽ ചേർത്തേനെ എന്നാണ് അദ്ദേഹം പറഞ്ഞത്. രാജാമണിയെ അക്രമിച്ചതായുള്ള പരാതി ലഭിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. അറസ്റ്റിന് വഴങ്ങാൻ തയ്യാറാകാത്തതിനാലാണ് ബലപ്രയോഗം വേണ്ടിവന്നത്. പുലർച്ചെ അറസ്റ്റ് ചെയ്യാൻ ചെന്നത് പ്രതികളെ സഹായിക്കാനും പൊലിസുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ്. അറസ്റ്റ് വൈകിയാൽ അന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനാവില്ല. കോവിഡ് പരിശോനയും മറ്റുമുള്ളതിനാൽ പിറ്റേന്നേ കോടതിയിൽ ഹാജരാക്കാനാവൂ. അപ്പോൾ ലോക്കപ്പിൽ കിടത്തേണ്ടി വരും. അത് ആദിവാസികൾക്ക് ബുദ്ധിമുട്ടാണ്. റിജമാൻറ് ചെയ്താൽ ആലത്തൂർ കോടതിയിൽ എത്തിക്കണം. അന്ന് മടങ്ങാനാവില്ല. അത് പൊലിസുകാർക്ക് ബുദ്ധിമുട്ടാണ്-ഇൻസ്പെക്ടർ പറഞ്ഞു. ഞായറാ്ഴ്ച അറസ്റ്റിന് പുറപ്പെട്ടതിനെ പ്പറ്റി അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. സിവിൽ നിയമപ്രകാരമുള്ള സംരംക്ഷണം ആവശ്യപ്പെട്ടവർക്ക് അത് നൽകുക മാത്രമാണ് ഭൂമി കേസുകളിൽ പൊലിസ് ചെയ്തിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിൻറെ വാദം.
ആഗസ്റ്റ് എട്ടിന് വട്ടുലക്കി ഊരിൽ നടന്ന പൊലിസ് അതിക്രമം ഈ ഭൂമിയുമായി ബന്ധപ്പെട്ടാണ് എന്ന് മേൽ പ്രതിപാദിച്ച കാര്യങ്ങളിൽ നിന്ന് മനസ്സിലാവും. അതിക്രമത്തിൻറെ വീഡിയോ ക്ഷിപ്രനേരം കൊണ്ട് നാടാകെ പ്രചരിച്ചതും മണ്ണാർക്കാട് കോടതിയുടെ ഇടപെടലും കൊണ്ട് ഈ കേസിൽ പ്രതിരോധം സൃഷ്ടിക്കുന്ന മുരുകനെ തടവിലിടാൻ പൊലിസിന് കഴിഞ്ഞില്ല. ഈ സംഭവത്തിൽ അട്ടപ്പാടിയിലെ പൊലിസ് സംവിധാനത്തിന് മേൽ സംസ്ഥാന സർക്കാരിനെ തെറ്റിധരിപ്പിക്കുന്ന വിധം ശക്തമായ സ്വാധീനം പ്രവർത്തിച്ചിട്ടുണ്ട്. അഗളി ട്രൈബൽ പൊലിസ് ഡിവിഷൻ ചുമതലയുള്ള എ.എസ്.പി പഥം സിംഗ് ഐ.പി.എസ് അടക്കമുള്ളവർ ഈ സംഭവത്തിൽ ആദിവാസി വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികളുടെ നേരെയുള്ള അതിക്രമങ്ങൾക്കെതിരേ ഫലപ്രദമായ നടപടികളും ഇടപെടലകളും ഉണ്ടാകാനാണ് രണ്ട് പൊലിസ് സ്റ്റേഷനുകൾക്ക് ഒരു പൊലിസ് ഡിവിഷൻ ഉണ്ടാക്കിയതും അതിന് ഐ.പി.എസ്കാരനെ ചുമതലക്കാരനാക്കിയതും. പൊലിസ് ആദിവാസി സൗഹൃദമാകേണ്ടതിന് പകരം ആദിവാസിക്കെതിരേ ഗൂഡാലോചന നടത്തുകയാണ് ഇവിടെ നടന്നത്.

സജീവം ഭൂമാഫിയ
ഗൂഡാലോചന നടന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ആഗസ്റ്റ് 8ന് മുരുകനെയും മറ്റും ഷോളയൂർ സ്റ്റേഷനിൽ എത്തിച്ച് വെറും 15 നിമിഷം കൊണ്ടാണ് അറസ്ററ് സംബന്ധിച്ച കടലാസ് നടപടികൾ പൂർത്തീകരിച്ചത്. രേഖകൾ നേരത്തെ തയ്യാറാക്കി അറസ്റ്റിന് പുറപ്പെട്ടതിനാൽ ലഭിച്ച സൗകര്യമാണിത്. ഒരു സാക്ഷിയെപ്പോലും കാണാതെയാണ് കുറുന്താചലത്തിനെ ആക്രമിച്ചു എന്ന കേസിൽ നടപടികൾ എടുത്തത്. കുടിൽ കത്തിക്കുന്ന സമയം സി.ഐ സ്ഥലത്ത് ചെന്നതും ഇടപെട്ടതും സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അദ്ദേഹത്തിനുള്ള മുന്നറിവ് വ്യക്തമാക്കുന്നു. പൊലിസിനെ അനുസരിക്കുന്നതും ആദിവാസിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് അധികാരികളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും പതിവായി ബന്ധപ്പെടാറുള്ള ഇവരെ പിടിക്കാൻ അത്തരമൊരു സന്നാഹം ഒരു തരത്തിലും ആവശ്യമല്ല. വിളിച്ച് പറഞ്ഞിരുന്നെങ്കിൽ സ്റ്റേഷനിൽ ചെല്ലുമായിരുന്നു എന്നാണ് മൂപ്പനും മുരുകനും പറഞ്ഞത്. സി.ഐ വിനോദ് കൃഷ്ണൻ ബാഹ്യശക്തികളുടെ പ്രേരണയിലാണ് പ്രവർത്തിച്ചത് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

നടപടി അനിവാര്യം
ഈ സംഭവം ഐസ് കട്ടയുടെ മേലറ്റം മാത്രമാണ്;1975ലെ ആദിവാസി ഭൂമി നിയമത്തിന് 1999ൽ വരുത്തിയ ഭേദഗതിയുടെ പഴുത് ഉപയോഗിച്ച് വ്യാജ രേഖകൾ ചമച്ച് അട്ടപ്പാടിയിൽ വ്യാപകമായി നടക്കുന്ന ഭൂമി ഇടപാടുകളുടെ ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം. ആധാരമെഴുത്തുകാരും ഭൂമി ഇടനിലക്കാരും രജിസ്ട്രഷൻ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു മാഫിയ സംഘം ഇതിനായി പ്രവർത്തിക്കുന്നുണ്ട്. പൊലിസും വനം ഉദ്യോഗസ്ഥരും ഇതിൻറെ ഭാഗമാണ്. എത്ര പഴക്കമുള്ള രേഖകളും ഇവർ ഉണ്ടാക്കും. എല്ലാ ഒത്താശയും പൊലിസ് ചെയ്യും. വിദ്യാധിരാജ ട്രസ്റ്റ്, ഹൈറേഞ്ച് ഡവലപ്മെൻറ്റ് സൊസൈറ്റി, നിരവധി ക്രൈസ്തവസംഘടനകൾ, റിസോർട്ടുകൾ എന്നിവ ഇതിൽപെടുന്നു. വിശദാംശങ്ങൾ വിസ്താരഭയം മൂലം ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കുന്നില്ല. ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്ന ഈ മാഫിയക്കെതിരേ അടിയന്തര നടപടി ഉണ്ടാകണം. അതിനായി പൊതുസമൂഹവും സർക്കാരും ജൂഡീഷ്യറിയും ഇടപെടണം. അട്ടപ്പാടിയിലെ ഭുമി ഇടപാടുകളിലെ നിയമലംഘനങ്ങളും ക്രമക്കേടുകളും പുറത്ത് കൊണ്ടുവരാനും അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സമഗ്രമായ അന്വേഷണത്തിലൂടയേ പുറത്ത് കൊണ്ടുവരാനാവൂ. അതിനാൽ,
1. വട്ടുലക്കി അതിക്രമത്തിന് നേതൃത്വം കൊടുത്ത ഷോളയൂർ സി.ഐ വിനോദ് കൃഷ്ണനെ സസ്പെൻറ്റ് ചെയ്ത് പൊലിസിന് ഈ സംഭവത്തിലുള്ള ബന്ധത്തെകുറിച്ച് അന്വേഷണം നടത്തുക.,
2. കഴിഞ്ഞ 25 വർഷമായി അട്ടപ്പാടിയിൽ നടന്ന മുഴുവൻ ഭൂമി ഇടപാടുകളെക്കുറച്ചും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,
3. അട്ടപ്പാടിയിൽ ആധാരമെഴുത്ത്, രജിസ്ട്രേഷൻ. റവന്യൂ തലങ്ങളിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പരാതികൾ വിജിലൻസ് അന്വേഷണത്തിന് വിടുക,
4. അട്ടപ്പാടിയിലെ ആദിവാസി കുടുംബഭൂമികൾ സെറ്റിൽമെൻറ് ആധാരം നടത്തി വീതിച്ച് നൽകാനും ഭൂമി തർക്കം സംബന്ധിച്ച് ഒറ്റപ്പാലം ആർ.ഡി.ഒ അടക്കമുള്ള അധികാരികളുടെ മുമ്പാകെ കഴിഞ്ഞ പത്ത് വർഷമായി ആദിവാസികൾ നൽകിയ പരാതികൾ പരിഹരിക്കാനുമുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുക,
5. കേരള ഹൈക്കോടതി ഇടപെടലിലൂടെ റദ്ദായ അട്ടപ്പാടി ആദിവാസി സഹകരണ സംഘം വക 2500 ഏക്കർ തോട്ടം സ്വകാര്യവ്യക്തിക്ക് കൈമാറാൻ നിയമവിരുദ്ധമായ തീരുമാനം എടുത്ത ഉദ്യോഗസ്ഥരുടെയും അതിൻറെ ഇടനിലക്കാരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അവരെ സവ്വീസിൽ നിന്ന് പുറത്താക്കുക എന്നീ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അട്ടപ്പാടിയിൽ നടക്കുന്നത്. ഈ നിലയിൽ പോയാൽ ആദിവാസി വംശഹത്യയാവും ഇവിടെ നടക്കുക. സർക്കാരിനും ജുഡീഷ്യറിക്കുമൊപ്പം പൊതുസമൂഹത്തിൻറെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും അടിയന്തര ഇടപെടൽ അട്ടപ്പാടിയിൽ ആവശ്യമായിരിക്കുന്നു. ഈ ജനകീയാന്വേഷണവും പഠനവും അതിൻറെ തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.


1. അഡ്വ. ജോർജ് പുലികുത്തിയേൽ, സെക്രട്ടറി, ജനനീതി-തൃശൂർ
2. എൻ. പത്മനാഭൻ, പ്രസിഡണ്ട്, ജനനീതി-തശൂർ
See More

Latest Photos