നീതി: മുഖവും പൊയ്മുഖവും മൂന്നുപതിറ്റാണ്ടിന്റെ ജനനീതി ചരിത്രം

Total Views : 469
Zoom In Zoom Out Read Later Print

മൂന്നു പതിറ്റാണ്ടുകൾ ദീർഘിക്കുന്ന ജനനീതിയുടെ ചരിത്ര ഗാഥ 2021 ഏപ്രിൽ 17 ന് 'നീതി: മുഖവും പൊയ്മുഖവും' എന്നപേരിൽ പ്രകാശിതമായി.

നീതി: മുഖവും പൊയ്മുഖവും

 മൂന്നുപതിറ്റാണ്ടിന്റെ  ജനനീതി ചരിത്രം

------------------------

കോവിഡ് കാലം ജനങ്ങൾക്കും ജനനീതിക്കും ദുരന്തകാലം ആയിരുന്നുവെന്ന് സമ്മതിക്കുമ്പോഴും അഭിമാനവും സന്തോഷവും ജനനീതി കുടുംബാംഗങ്ങൾക്ക് സമ്മാനിക്കുന്ന സംഭവം ഇക്കാലത്തുണ്ടായി. മൂന്നു പതിറ്റാണ്ടുകൾ ദീർഘിക്കുന്ന ജനനീതിയുടെ ചരിത്ര ഗാഥ 2021 ഏപ്രിൽ 17 ന് 'നീതി: മുഖവും പൊയ്മുഖവും' എന്നപേരിൽ പ്രകാശിതമായി. വരുംതലമുറകൾക്ക് ജനനീതിയുടെ ചരിത്രവും വളർച്ചയുടെ പടവുകളും പരിചയപ്പെടുത്തുക അത്യാവശ്യമായിരുന്നു. ഇതിനുള്ള ഒന്നിലധികം ശ്രമങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും കോവിഡ് കാലം വേണ്ടിവന്നു അത് യാഥാർത്ഥ്യമാകാൻ.

 ജനനീതിയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ജനനീതിയുടെ ചരിത്രത്തെ ഗ്രന്ഥരൂപത്തിലാക്കുന്നത്. സ്ഥാപക ഡയറക്ടറായ ജോർജ് പുലികുത്തിയേൽ  രചന നിർവഹിച്ചപ്പോൾ, ജനനീതിയുടെ പ്രഥമ ചെയർമാനായ ശ്രീ കെ. ജി. ശങ്കരപ്പിള്ള ജനനീതിയുടെ ഉജ്ജ്വലമായ ചരിത്ര സന്ദർഭങ്ങളെ കോർത്തിണക്കിക്കൊണ്ട് കാവ്യ മനോഹരമായ അവതാരികയും, നിലവിൽ ജനനീതി ചെയർമാനായ ശ്രീ എൻ. പത്മനാഭൻ ജനനീതിയുടെ ചരിത്ര സന്ദർഭത്തെയും പ്രതിരോധ മൂല്യങ്ങളെയും സമ്യക്കായി 'പിന്നാമ്പുറം' എന്ന പേരിലും ചാർത്തി അലങ്കരിച്ചു. ജനനീതി മുൻ ഭരണസമിതി അംഗവും സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളിൽ അനിഷേധ്യ സാന്നിധ്യവുമായ ശ്രീ കെ. രാജഗോപാൽ ഗ്രന്ഥത്തെ സമഗ്രമായി അവലോകനം ചെയ്തുകൊണ്ട് മുഖക്കുറിപ്പ് എഴുതി. ജനനീതിയുടെ ഓഫീസ് സ്റ്റാഫ് തന്നെയാണ് ടൈപ്പിംഗ് അടക്കമുള്ള മറ്റു ജോലികളെല്ലാം നിർവഹിച്ചത്. മലയാള പുസ്തകങ്ങളുടെ പ്രസാധന രംഗത്ത് മുൻനിരയിലുള്ള ഗ്രീൻ  ബുക്സ് ആണ് ഗ്രന്ഥത്തിന്റെ അച്ചടി നിർവഹിച്ചതും വിതരണം ഏറ്റെടുത്തതും. സചിത്രങ്ങളോടുകൂടി 296 പേജുള്ള ഗ്രന്ഥത്തിന് വിലയിട്ടിരിക്കുന്നത് 365 രൂപയാണ്.

 നീതി: മുഖവും പൊയ്മുഖവും എന്നത് ജനനീതിയുടെ ചരിത്രം മാത്രമല്ല, നാം ജീവിച്ചിരിക്കുന്ന ചരിത്ര സന്ദർഭത്തിലെ നീതി ദർശനങ്ങളും, നീതി സംഘർഷങ്ങളും ഇടകലർന്നുള്ള ചരിത്രാഖ്യാനം കൂടിയാണ്.  നിയമ സേവനം ഗൗരവമായി കാണുന്ന അഭിഭാഷകരും നിയമ വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്. കേരളത്തിൽ നൈതിക സംസ്കാരത്തിന് വിത്തുപാകിയ ജനനീതിയുടെ തലമുറകളിലേക്ക് നീളുന്ന ഉദാത്തമായ സംഭാവനയാണ് ജനനീതിയുടെ കഥപറയുന്ന 'നീതി: മുഖവും പൊയ്മുഖവും'.

See More

Latest Photos